Thechikottukavu Ramachandran
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും ഏറ്റവുമധികം ഉയരമുള്ള ആനകളിൽ ഒന്നാണിത്. ഏഷ്യയിൽ ഉയരത്തിൽ ഇതിന് രണ്ടാംസ്ഥാനമാണ്
ബീഹാറിയായ ഈ ആനയ്ക്ക് 317 സെന്റീമീറ്ററാണ് ഇരിക്കസ്ഥാനത്തുനിന്നുള്ള ഉയരം. ഉടൽനീളം 340 സെന്റീമീറ്ററോളമാണ്. വിരിഞ്ഞ മസ്തകം, കൊഴുത്തുരുണ്ട നീണ്ട ഉടൽ, ഉറച്ച കാലുകൾ, എന്നിവയാണ് രാമചന്ദ്രന്റെ പ്രത്യേകതകൾ. ലക്ഷണമൊത്ത 18 നഖവും നിലംമുട്ടുന്ന തുമ്പിക്കൈയും തലയെടുപ്പുമൊക്കെയുള്ള ഈ ആന എഴുന്നള്ളത്തിന് കോലം കയറ്റിക്കഴിഞ്ഞാൽ തിടമ്പിറക്കുംവരെയും തല എടുത്തുപിടിച്ചുനിൽക്കുമെന്നതാണ് ആകർഷണീയത
1964 ൽ ജനിച്ച ഈ ആനയെ ബിഹാറിലെ ആനച്ചന്തയിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവരുമ്പോൾ മോട്ടിപ്രസാദ് എന്നായിരുന്ന് പേര്. പിന്നീട് തൃശ്ശൂരിലെ വെങ്കിടാദ്രിസ്വാമി, രാമചന്ദ്രനെ വാങ്ങിയപ്പോൾ ഗണേശൻ എന്ന് പേരിട്ടു. 1984 ലാണ് പേരാമംഗലം തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങുന്നത്. അന്ന് ഭഗവതിയുടെ നടയ്ക്കിരുത്തി രാമചന്ദ്രൻ എന്ന പേര് നൽകി.
കേരളത്തിലെ ഒട്ടുമിക്ക ഉത്സവങ്ങളിൽ എഴുന്നിള്ളിച്ചുള്ള രാമചന്ദ്രന് പല നാടുകളിലും വലിയ ആരാധകവൃന്ദമുണ്ട്. രാമചന്ദ്രന് ഗജരാജകേസരി, ഗജസാമ്രാട്ട്, ഗജചക്രവർത്തി തുടങ്ങി ഒട്ടേറെ ബഹുമതികളും കിട്ടിയിട്ടുണ്ട്.ചക്കുമരശ്ശേരി, ചെറായി തുടങ്ങിയ സ്ഥലങ്ങളില് നടക്കുന്ന തലപൊക്ക മത്സരങ്ങളില് വിജയ കിരീടം ചൂടിയിട്ടുള്ള രാമചന്ദ്രന് ഇത്തിത്താനം ഗജ മേളയടക്കം ഉള്ള പ്രമുഖ ഗജ മേളകളിലും വിജയിയായിട്ടുണ്ട്.
തൃശൂർ പൂരത്തിന് 2014 മുതൽ ആറു വർഷങ്ങളായി സ്ഥിര സാന്നിധ്യമാണ് ഈ ആന.ഘടക ക്ഷേത്രമായ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി വടക്കുംനാഥന്റെ തെക്കേ ഗോപുരവാതിൽ തുറന്ന് തെക്കോട്ടിറങ്ങി തൃശൂർ പൂരത്തിന് തുടക്കം കുറിക്കുന്ന ചടങ്ങിന് വര്ഷങ്ങളായി രാമചന്ദ്രനാണ് തിരഞ്ഞെടുക്കപ്പെടുന്നത്.തെക്കോട്ടിറങ്ങി രാമചന്ദ്രൻ മടങ്ങുന്ന കാഴ്ച്ച കാണാൻ നൂറുകണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്. ഒരു കാലത്ത് ചെറിയൊരു ചടങ്ങുമാത്രമായിരുന്നു നടതുറക്കൽ. ഇന്നത് പതിനായിരങ്ങളെത്തുന്ന ചടങ്ങായി മാറാൻ കാരണം ആരാധകരുടെ ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്.
No comments:
Post a Comment