കർണ്ണന്റെ ജനനം
കുന്തീഭോജരാജാവിന്റെ വളർത്തുപുത്രിയായ കുന്തീദേവിയ്ക്ക് സൂര്യഭഗവാനിൽ നിന്നും ലഭ്യമായ പുത്രൻ ആണ് കർണ്ണൻ. ഒരിക്കൽ കുന്തീഭോജന്റെ കൊട്ടാരത്തിലേക്ക് എഴുന്നള്ളിയ ദുർവ്വാസാവ് മഹർഷിയെ പരിചരിച്ചത് രാജകുമാരിയായ കുന്തിയായിരുന്നു. സന്തുഷ്ടനായ അദ്ദേഹം കുന്തിയ്ക്ക് അഞ്ചു വിശിഷ്ട പുത്രസിദ്ധി മന്ത്രങ്ങൾ ഉപദേശിച്ചു കൊടുത്തു. അവ ഓരോന്നും ഏതു ദേവതയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ജപിക്കുന്നുവോ, ആ ശക്തി മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ട് കുന്തിയ്ക്ക് ആ ദേവതയിൽ ഒരു മകൻ ജനിക്കും. പ്രായത്തിന്റെ പക്വതക്കുറവും, ആകാംക്ഷയും കാരണം കുന്തി ഈ മന്ത്രം പരീക്ഷിച്ചു നോക്കുവാൻതന്നെ തീരുമാനിച്ചു. ആ സമയത്തു രജസ്വലയായിരുന്ന അവൾ അഞ്ചു മന്ത്രങ്ങളിൽ ഒരെണ്ണം തിരഞ്ഞെടുത്തു സൂര്യദേവനെ ആവാഹനം ചെയ്തു . മന്ത്രപ്രഭാവം ക്ഷണത്തിൽ പ്രകടമായി. അതിതേജസ്വിയായ സൂര്യദേവൻ തോൾവളയും കിരീടവും ദിവ്യാഭരണങ്ങളുമണിഞ്ഞു അവൾക്കു മുന്നിൽ പ്രത്യക്ഷനായി. കുന്തിയോട് സൂര്യദേവൻ, താൻ അവളുടെ മന്ത്രാവാഹനത്താൽ വശീകൃതനായി എത്തിയതാണെന്നും അതിനാൽ തന്നിൽ നിന്നും ഒരു സന്തതിയെ വേഗത്തിൽ സ്വീകരിച്ചുകൊള്ളാനും ആവശ്യപ്പെട്ടു. ഭയന്നുപോയ കുന്തി, താൻ വെറും കൗതുകത്തിനാണ് സൂര്യനെ ആവാഹനം ചെയ്തതെന്നും, അതിനാൽ അദ്ദേഹം സന്തുഷ്ടനായി മടങ്ങിപ്പോകണമെന്നും കേണപേക്ഷിച്ചു. സൂര്യദേവൻ ഇതുകേട്ട് കോപിഷ്ഠനാവുകയാണുണ്ടായത്. ആവാഹനം ചെയ്ത ദേവനെ നിഷ്ഫലമായി തിരിച്ചയയ്ക്കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നും, അതിന്റെ ഫലം കൊടുംശാപമായി തന്നിൽ നിന്നും ഏല്ക്കേണ്ടതായി വരുമെന്നും , കുന്തിയുടെ പിതാവും മന്ത്രമുപദേശിച്ച മുനിവര്യനും അതിന്റെ തിക്തഫലം അനുഭവിക്കുമെന്നും സൂര്യൻ പറഞ്ഞു . ഭയന്നുപോയ കുന്തി സൂര്യദേവനോട് താൻ കന്യകയാണെന്നും, തന്റെ കന്യകാത്വം നഷ്ടപ്പെടാത്ത രീതിയിൽ തന്നിൽ പുത്രോല്പ്പാദനം ചെയ്തുകൊളളാനും അങ്ങനെയുണ്ടാകുന്ന പുത്രൻ തികഞ്ഞ ധർമ്മിഷ്ഠനും ജന്മനാൽ കവചകുണ്ഡലങ്ങളോട് കൂടിയവനുമായിരിക്കണമെന്നു അപേക്ഷിച്ചു .സൂര്യദേവൻ അത് സ്വീകരിക്കുകയും യോഗബലത്തോടെ കുന്തിയിൽ പ്രവേശിച്ചു പുത്രോല്പ്പാദനം ചെയ്യുകയും ചെയ്തു . തുടർന്നു കുന്തിക്കുണ്ടാകുന്ന പുത്രൻ സർവ്വ ശസ്ത്രപ്രവരന്മാരിലും വച്ച് ഉന്നതനായിരിക്കുമെന്നും , കുന്തി കന്യകയായി തുടരുമെന്നും അനുഗ്രഹിച്ച ശേഷം തിരിച്ചുപോയി . ഗർഭിണിയായ കുന്തീദേവി അപമാനഭയത്താൽ ആരോരുമറിയാതെ ഒരു തോഴിയുടെ സഹായത്താൽ പ്രസവിച്ചു. കവചകുണ്ഡലങ്ങളോടുകൂടിയ ഒരു ആൺകുഞ്ഞായിരുന്നു അത്. ആ ചോരക്കുഞ്ഞിനെ ഒരു പേടകത്തിലാക്കി ഗംഗാനദിയിലൊഴുക്കുകയും ചെയ്തു. കവചകുണ്ഡലങ്ങൾ ഉള്ള കാലത്തോളം ഇവനെ ആർക്കും വധിക്കാൻ കഴിയില്ല എന്ന് ജനന സമയത്ത് സൂര്യദേവൻ അരുളിച്ചെയ്തിരുന്നു. ജന്മനാ കവചകുണ്ഡലങ്ങളോടു കൂടിയുള്ള ആ പിഞ്ചുകുഞ്ഞിനെ കുത്തിയൊഴുകുന്ന നദിയിൽ നിന്നും ഹസ്തിനപുരത്തിലെ തേരാളിയായ അധിരഥൻ രക്ഷിച്ചു. അദ്ദേഹവും ഭാര്യയായ രാധയും ആ കുഞ്ഞിനെ എടുത്തു വളർത്തി. അങ്ങനെ "രാധേയൻ" എന്ന പേരിലും "സൂതപുത്രൻ" എന്ന പേരിലും കർണ്ണൻ അറിയപ്പെട്ടു. സ്വർണ്ണ കുണ്ഡലങ്ങളോട് കൂടിയവനും സുവർണ്ണശോഭയോട് കൂടിയവനും തേജോമയനുമായ ആ ശിശുവിനെക്കണ്ടു മഹാബ്രാഹ്മണർ അവനെ വസുഷേണൻ എന്ന് നാമകരണം ചെയ്തു. മാനഭയത്താൽ കുന്തി തന്റെ കർണ്ണത്തിലുടെ പ്രസവിച്ചതിനാൽ കർണ്ണൻ എന്ന പേരുനൽകി എന്നൊരു വാദം കൂടി നിലവിലുണ്ട്. ദേവരാജാവായ ഇന്ദ്രന് കർണ്ണത്തിൽ നിന്നും കുണ്ഡലങ്ങൾ അറുത്തെടുത്തു നല്കിയതിനാലാണ് കർണ്ണൻ എന്ന പേരുണ്ടായതെന്നും മഹാഭാരതം വനപർവ്വത്തിൽ കാണുന്നു .
Subscribe to:
Comments (Atom)
No comments:
Post a Comment