കർണ്ണന്റെ രംഗപ്രവേശവും അംഗരാജ്യലബ്ധിയും

പാണ്ഡുപുത്രന്മാരുടേയും ധൃതരാഷ്ട്രപുത്രന്മാരുടേയും ആയുധവിദ്യാഭ്യാസം പൂർത്തിയായപ്പോൾ അവർക്കോരോരുത്തർക്കുമുള്ള സാമർഥ്യം സഭയിൽ പരീക്ഷിച്ചറിയുവാൻവേണ്ടി ഒരു പരീക്ഷാരംഗം സജ്ജമാക്കാൻ ഭീഷ്മാചാര്യർ ഏർപ്പാടുചെയ്തു. രാജകുമാരന്മാർ എല്ലാവരും അവരവരുടെ കഴിവുകൾ കാഴ്ചവച്ചു സദസ്സിനെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ അവസാനമായി ദ്രോണരുടെ പ്രിയശിഷ്യനായ അർജ്ജുനൻ രംഗത്തേക്ക് പ്രവേശിച്ചു . മധ്യമപാണ്ഡവനായ അർജ്ജുനൻ ധാർമ്മികനാണെന്നും അസ്ത്രവിദ്യയിൽ ഏറ്റവും ശ്രേഷ്ഠനാണെന്നും ജനങ്ങൾക്കിടയിൽ സംസാരമുണ്ടായി . ദിവ്യാസ്ത്രങ്ങളാൽ പലവിധത്തിലുള്ള അത്ഭുതകർമ്മങ്ങൾ അർജ്ജുനൻ പ്രകടിപ്പിച്ചു . അസ്ത്രം കൊണ്ട് മാത്രമല്ലാതെ മറ്റായുധങ്ങൾ കൊണ്ടും അർജ്ജുനൻ അത്ഭുതകരമായ അഭ്യാസങ്ങൾ പ്രകടിപ്പിച്ചു . തീർത്തും വിസ്മയഭരിതരായ ജനം ആനന്ദത്തിൽ ആറാടിയിരിക്കുമ്പോൾ പെട്ടെന്ന് ഇടിവെട്ടുംപോലെയുള്ള ഒരു കരഘോഷം സഭാമണ്ഡപത്തിന്റെ പടിക്കൽ കേട്ടു . [മഹാഭാരതം ആദിപർവ്വം, അദ്ധ്യായം 135]. എല്ലാവരും ആശ്ചര്യത്തോടെ നോക്കുമ്പോൾ , ദ്വാരപാലകന്മാർ മാറിക്കൊടുത്ത മാർഗ്ഗത്തിലൂടെ അത്യന്തം തേജസ്വിയും കരുത്തനുമായ ഒരു യുവാവ് ജന്മസിദ്ധമായ ഉജ്ജ്വലകവചം ധരിച്ചു , കർണ്ണഭൂഷണങ്ങളുമണിഞ്ഞു , വില്ലും വാളും ധരിച്ചു കാൽനടയായി മടികൂടാതെ ഗൗരവത്തിൽ നടന്നെത്തുന്നത് കണ്ടു . അത് കൗന്തേയനായ രാധേയൻ കർണ്ണനായിരുന്നു . കർണനെ കണ്ടപ്പോൾ തന്നെ കുന്തിക് ആളെ മനസ്സിലായെങ്കിലും അറിഞ്ഞതായി ഭവിച്ചില്ല ആ വീരൻ കടന്നുവന്ന് വീരമണ്ഡലത്തെ ഒട്ടാകെ ഒന്ന് അവലോകനം ചെയ്ത് ദ്രോണകൃപന്മാരുടെ നേരെ വലിയ ആദരവൊന്നും കാണിക്കാതെ ഒന്ന് കൈകൂപ്പി നമസ്കരിച്ചു . അതിനു ശേഷം ഇടിവെട്ടുന്ന സ്വരത്തിൽ തന്റെ അറിയാത്ത അനുജനായ അർജ്ജുനനോട് ഇങ്ങനെ പറഞ്ഞു . " ഹേ പാർത്ഥാ , നീ ചെയ്ത വിദ്യകളൊക്കെ കുറേക്കൂടി മെച്ചമായ വിധത്തിൽ ഞാൻ ചെയ്തു കാണിക്കാം . നീ അത്ര ഞെളിയണ്ട ". തുടർന്ന് ദ്രോണാചാര്യരുടെ അനുമതിയോടെ കർണ്ണൻ രംഗത്തു കയറി അർജ്ജുനൻ ചെയ്ത അതേ അഭ്യാസങ്ങൾ കാഴ്ചവച്ചു . ദുര്യോധനൻ ഇത് ദർശിച്ചു പുളകിതനാകുകയും, രംഗത്ത് വന്നു കർണ്ണനെ അഭിനന്ദിക്കുകയും ചെയ്യുന്നു. അഭ്യാസപ്രകടനത്തിന് ശേഷം തന്നെ നിന്ദിക്കുന്നവിധം പറ ഞ്ഞവാക്കുകൾ കേട്ട സഹോദരങ്ങളുടെ കൂടെ നില്കുന്നവനായ അർജുനൻ പറയുന്നു "കർണ്ണാ, വിളിക്കാതെ വന്നു കയറുന്നിടത്തും, ചോദിക്കാതെ പറയുന്നവർക്കുമുള്ള ലോകങ്ങളിൽ ഞാൻ നിന്നെ കൊന്നയയ്ക്കുവാൻ പോവുകയാണ്". അതിനു മറുപടിയായി കർണ്ണൻ ഇങ്ങനെ പറയുന്നു "പൊതുവേദി എല്ലാവർക്കും ഒന്നുപോലെയാണ്. നിനക്കുമാത്രം വിശേഷിച്ചു എന്തുണ്ട്? ക്ഷത്രിയൻ വീര്യത്തെയാണ് ആശ്രയിക്കുന്നത്" . അപ്പോൾ കൃപാചാര്യർ ഇടപെട്ടു . കൃപാചാര്യർ അർജ്ജുനന്റെ കുലവും ഗോത്രവും മാതൃ-പിതൃ പരമ്പരയുമെല്ലാം ശരിയായി വിശദീകരിച്ചു. എന്നിട്ട് കർണ്ണനോട് അദ്ദേഹത്തിന്റെ കുലവും ഗോത്രവും പറയുവാൻ ആവശ്യപ്പെട്ടു. എന്നിട്ട് ഇപ്രകാരം കൂട്ടിച്ചേർത്തു "രാജസന്തതികൾ സാധാരണക്കാരോട് പൊരുതുകയില്ല". ഇതുകേട്ട് കർണ്ണൻ ലജ്ജിതനായി നിൽക്കുമ്പോൾ, ദുര്യോധനൻ ഇടപെടുകയും, കർണ്ണന് "അംഗരാജ്യം" പ്രദാനം ചെയ്തു രാജാവാക്കുകയും ചെയ്യുന്നു. ആപത്തിൽ അഭിമാനം കാത്ത ആത്മമിത്രമായ ദുര്യോധനന് തന്റെ സൗഹൃദംവും ജീവിതവും നൽകുന്നു കർണ്ണൻ വൃഷാലി എന്ന യുവതിയെ വിവാഹം ചെയ്യുകയും അതിൽ ഒൻപത് പുത്രൻമാർ ജനിക്കുകയും വൃഷസേനൻ , ശുദ്ധാമാ, ശത്രുഞ്ജയ, ദ്വിപത, സുഷേണൻ , സത്യേശ, ചിത്രസേന, സുശർമ്മ(ബനസേന), വൃഷകേതു എന്നീപേരുകളിൽ അറിയപ്പെടുന്നു.

No comments:

Post a Comment