അർജുനന്റെ ജനനം
മക്കളില്ലാത്തതിനാൽ തന്നെ പാണ്ഡുവിൻ്റെ ആജ്ഞ അനുസരിച്ച് കുന്തി മന്ത്രസിദ്ധി ഉപയോഗിച്ച് മൂന്നു ദേവൻമാരെ ആവാഹിച്ച് കുട്ടികളെ ജനിപ്പിച്ചു. ഇതിൽ മൂന്നാം പ്രാവശ്യം ആവാഹിക്കപ്പെട്ട ദേവരാജാവായ ഇന്ദ്രനു കുന്തിയിലുണ്ടായ പുത്രനാണ് അർജ്ജുനൻ. അതിനാൽ പഞ്ചപാണ്ഡവരിൽ മൂന്നാമനാണ് അർജ്ജുനൻ. വായുദേവനിൽ നിന്നും ഭീമസേനൻ ജനിച്ചതിനു ശേഷം അതിമാനുഷനും ശ്രേഷ്ഠനും ലോകപ്രശസ്തനുമായ ഒരു പുത്രൻ തനിക്കുണ്ടാകണമെന്നു പാണ്ഡു മഹാരാജാവ് ആഗ്രഹിച്ചു. തുടർന്ന് മുനിഗണങ്ങളുമായി പാണ്ഡു വലിയൊരു കൂടിയാലോചന നടത്തുകയുണ്ടായി. മുനിമാരിൽ നിന്നും കിട്ടിയ അറിവ് പ്രകാരം ദേവാധിപനായ സാക്ഷാൽ ഇന്ദ്രനിൽ നിന്നും ലഭിക്കുന്ന പുത്രൻ മാനുഷരെയും അമാനുഷരെയും ജയിക്കുവാൻ പോന്നതായിരിക്കുമെന്നു പാണ്ഡു മനസ്സിലാക്കി. തുടർന്ന് മനോ-വാക്ക് കർമ്മങ്ങളാൽ ആ പുത്രനുവേണ്ടി ഇന്ദ്രപ്രീതിക്കായി തപസ്സിൽ മുഴുകുവാൻ പാണ്ഡു തീരുമാനിച്ചു. കൂടാതെ ധർമ്മപത്നിയായ കുന്തിയോട് ഒരു വർഷം നീണ്ടു നില്ക്കുന്നതായ ഒരു മംഗളവൃതം ആചരിക്കുവാനും പാണ്ഡു നിർദേശിക്കുകയുണ്ടായി. പാണ്ഡു മഹാരാജാവ് ഒറ്റക്കാലിൽ നിന്ന് തപസ്സു ചെയ്തു സമാധിയിൽ പ്രവേശിച്ചു. ദേവരാജാവായ ഇന്ദ്രനെ പ്രീതനാക്കി കൊടും തപസ്സിൽ പാണ്ഡു സൂര്യനെപ്പോലെ ജ്വലിച്ചു. കുറച്ചു നാളുകൾക്കു ശേഷം ഇന്ദ്രൻ പ്രത്യക്ഷനായി ഇങ്ങനെ പറഞ്ഞു. " ത്രിലോകങ്ങളിൽ പുകൽപ്പെടുന്നവനും ശത്രുഹന്താവും പരമധാർമ്മികനും ബന്ധുക്കൾക്ക് ആനന്ദം നൽകുന്നവനുമായ ഒരു പുത്രനെ ഞാൻ അങ്ങേക്ക് തരുന്നതായിരിക്കും". ഇതുകേട്ട് പാണ്ഡു സന്തുഷ്ടനാവുകയും, ഇന്ദ്രനെ സ്തുതിക്കുകയും ചെയ്തു. തുടർന്ന് തപസ്സു മതിയാക്കിയ പാണ്ഡു കുന്തിയോട് ഇന്ദ്രന്റെ വചനങ്ങളെക്കുറിച്ച് പറഞ്ഞു. തുടർന്ന് കുന്തി സന്താനലബ്ധിക്കായി ദുർവ്വാസാവ് മഹർഷി നല്കിയ മന്ത്രത്താൽ ഇന്ദ്രനെ ആവാഹിക്കുന്നു. മന്ത്രപ്രഭാവത്താൽ ദേവാധിപൻ പ്രത്യക്ഷനായി കുന്തിയിൽ പുത്രോല്പ്പാദനം ചെയ്തു. അങ്ങനെ അർജ്ജുനൻ പിറന്നു. അർജ്ജുനകുമാരൻ ജനിച്ചപ്പോൾ ആകാശത്തെ ഭേദിക്കുമാറ് മുഴങ്ങിക്കൊണ്ട് വലിയൊരു അശരീരി സ്പഷ്ടമായി കേട്ടു. "അല്ലയോ കുന്തീ, നിന്റെ ഈ പുത്രൻ കാർത്തവീര്യനു തുല്യനും ശിവതുല്യ പരാക്രമിയും ആയിരിക്കും. അജയ്യനായ ഇന്ദ്രൻ അദിതിക്ക് വേണ്ടിയെന്നതുപോലെ നിന്റെ പേര് ഇവൻ പ്രസിദ്ധമാക്കും. അദിതിക്കു വിഷ്ണുവെന്നതു പോലെ നിനക്ക് ഇവൻ ആഹ്ലാദം വർദ്ധിപ്പിക്കും. ഇവന്റെ ബാഹുബലത്താൽ ഖാണ്ഡവ വനം ഭക്ഷിച്ച് അഗ്നിദേവൻ സർവ്വഭൂതങ്ങളുടെയും മേദസ്സുകൊണ്ടു തൃപ്തനാകും. ജാമദഗ്ന്യനായ പരശുരാമന് തുല്യനായ ഇവൻ വിഷ്ണു സമാനനായ അതിസാഹസികനാകുന്നതാണ്. സർവ്വ ദിവ്യാസ്ത്രങ്ങളും നേടുന്ന ഇവൻ ക്ഷയിച്ചുപോയ എല്ലാ ഐശ്വര്യങ്ങളെയും തിരികെ നേടിയെടുക്കും. ഈ അശരീരി കേട്ടിട്ട് മുനിമാരെല്ലാം സന്തോഷിച്ചു. ആകാശത്തിൽ ഇന്ദ്രാദികളായ ദേവന്മാർ ഭേരീ വാദ്യങ്ങൾ മുഴക്കി സന്തോഷം പങ്കിട്ടു. സർവ്വദേവന്മാരും, മുനിമാരും അർജ്ജുനന്റെ മേൽ പുഷ്പവൃഷ്ടി ചെയ്തുകൊണ്ട് അവരുടെ ആനന്ദം പ്രകടമാക്കി അനുഗ്രഹിച്ചു. അവരിൽ കാദ്രവേയർ [നാഗങ്ങൾ], പക്ഷീന്ദ്രന്മാർ, അപ്സരസ്സുകൾ, ഗന്ധർവ്വന്മാർ, സപ്തർഷികൾ, പ്രജാപതിമാർ, ഭരദ്വാജൻ, കശ്യപൻ, ഗൌതമൻ, വിശ്വാമിത്രാൻ, ജമദഗ്നി, വസിഷ്ഠൻ, അത്രി, മരീചി, അംഗിരസ്സ്, പുലസ്ത്യൻ, പുലഹൻ, ക്രതു, ദക്ഷൻ തുടങ്ങിയ എല്ലാവരും സന്നിഹിതരായിരുന്നു. ദിവ്യാഭരണങ്ങൾ അണിഞ്ഞുവന്ന അപ്സരസ്സുകൾ അർജ്ജുനനു ചുറ്റും നൃത്തം ചെയ്തു. ഉർവ്വശി, രംഭ, തിലോത്തമ തുടങ്ങിയവർ മധുരങ്ങളായ ഗാനങ്ങൾ ആലപിച്ചു. ഇതുകൂടാതെ 12 ആദിത്യന്മാരും, കാർക്കോടകൻ, തക്ഷകൻ തുടങ്ങിയ മഹാക്രോധികളായ നാഗങ്ങളും, എണ്ണിക്കൂടാത്ത അസംഖ്യം ദേവന്മാരും, അവിടെയെത്തിച്ചേർന്നു. എല്ലാവരും അർജ്ജുനനെ ദർശിച്ചു സന്തുഷ്ടരായി. ഇതെല്ലാം ദർശിച്ചു മുനിമാരും പാണ്ഡുവും അത്ഭുതപ്പെട്ടു.
Subscribe to:
Comments (Atom)
No comments:
Post a Comment